Site icon Malayalam News Live

വീട്ടുകാര്‍ അറിയാതെ പിഞ്ചുകുഞ്ഞ് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കിറങ്ങി; ഒടുവില്‍ രക്ഷകരായി കാര്‍ യാത്രക്കാര്‍….

പാലക്കാട്: മാതാവ് അറിയാതെ വീടിന് മുന്നിലെ പ്രധാന റോഡില്‍ ഇറങ്ങിയ പിഞ്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി കാര്‍ യാത്രക്കാര്‍.

പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയില്‍ കഴിഞ്ഞ മാസം 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് റോഡിലേയ്‌ക്ക് ഇറങ്ങിയത്.

സംഭവം നടക്കുന്ന സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കളിപ്പാട്ടവുമായി വീട്ടില്‍ നിന്ന് റോഡിലേയ്‌ക്ക് നടന്ന് കയറാൻ ശ്രമിക്കുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. കൊപ്പം – വളാഞ്ചേരി പാതയിലേക്കാണ് വീട്ടില്‍ നിന്നും കുട്ടി ഇറങ്ങിയത്.

ഈ സമയം റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗതയില്‍ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കാറും കുട്ടിയെ കടന്നുപോയി. വഴിയരകില്‍ ഒറ്റയ്ക്ക് നില്‍കുന്ന കുട്ടിയെ ശ്രദ്ധിച്ച ഇവര്‍, തിരികെ വന്ന് യാത്രക്കാരില്‍ ഒരാള്‍ കുട്ടിയെ എടുത്ത് വീട്ടിലാക്കുകയായിരുന്നു.

ഈ യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ തുറന്ന് കിടന്ന മുൻവാതിലിലൂടെ അബദ്ധത്തില്‍ കുട്ടി പുറത്തേക്ക് പോയതാണെന്നാണ് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാൻ ഉടമയ്ക്ക് പൊലീസ് നിര്‍ദേശവും നല്‍കി.

Exit mobile version