ഡൽഹി: ഒടുവില്‍ ആ പ്രതീക്ഷകളും അവസാനിച്ചു.
ലോകകപ്പില്‍ നിന്നും നോക്കൗട്ട് കാണാതെ ഇറാൻ പുറത്ത്. ഗ്രൂപ്പ് ജി യില്‍ ഓസ്ട്രിയ- അള്‍ജീരിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഇറാന് തിരിച്ചടിയായത്.
മികച്ച എട്ട്, മൂന്നാം സ്ഥാനക്കാർക്കായുള്ള പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു ഇറാൻ ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം അള്‍ജീരിയ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാന് കാൻസാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അള്‍ജീരിയ- ഓസ്ട്രിയ പോരാട്ടം വേദനമാത്രമാണ് സമ്മാനിച്ചത്.
ഗ്രൂപ്പ് ജി യില്‍ ബെല്‍ജിയത്തോടും, ഈജിപ്തിനോടും, ന്യൂസിലാൻഡിനോടും സമനിലയാണ് ഇറാൻ വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനെതിരെ രണ്ട് ഗോളുകളുടെ സമനിലായിരുന്നു ഇറാൻ വഴങ്ങിയത്.
രണ്ടാം മത്സരത്തില്‍ വമ്പന്മാരായ ബെല്‍ജിയത്തോട് ഗോള്‍ രഹിത സമനില. മൂന്നാം മത്സരത്തില്‍ ഈജിപ്തിനോട് ഒരു ഗോളിന്റെ സമനില. ഈ മത്സരത്തില്‍ അവസാനനിമിഷം നേടിയ ഗോള്‍ വാർ ചെക്കിലൂടെ ഓഫ് സൈദ് വിധിച്ചതും ഇറാന് തിരിച്ചടിയായി.
കേവലം ഒരു ഗോളിന്റെ അകലം മാത്രമായിരുന്നു ഇറാന് നോക്കൗട്ടിലേക്കുണ്ടായിരുന്നത്. എന്നാല്‍ സമനില വഴങ്ങിയതോടെ ഇന്ന് നടന്ന അള്‍ജീരിയ- ഓസ്ട്രിയ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇറാന്റെ നോക്കൗട്ട് പ്രവേശനം എന്ന സ്ഥിതിവന്നു.
അള്‍ജീരിയ തോല്‍ക്കാൻ കാത്തിരുന്ന ഇറാൻ ആരാധകർക്ക് നാടകീയമായ ഓസ്ട്രിയ- അള്‍ജീരിയ മത്സരമാണ് കാണേണ്ടി വന്നത്. 3-3 എന്ന ഗോള്‍ നിലയില്‍ സമനിലയിലാണ് ഓസ്ട്രിയയും അള്‍ജീരിയയും പിരിഞ്ഞത്.
