Site icon Malayalam News Live

പൂർണമായും സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി സിയാല്‍ , ഹരിതോർജ പദ്ധതികള്‍ വിപുലീകരിക്കുന്നു

കൊച്ചി : ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചു. ബി പി സി എല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.

പുനരുപയോഗയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്‌ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച്‌ ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജനാണ് ബി പി സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബണ്‍ വിമുക്ത (സീറോ കാർബണ്‍) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങള്‍ക്ക് ഇത് കരുത്ത് പകരും.

തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാർ കൈമാറ്റം നടന്നത്. കരാർ പ്രകാരം ബി പി സി എല്‍ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും.

2025-ന്റെ തുടക്കത്തില്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും. ഈ പദ്ധതി സിയാലിന്റെ ഹരിതോർജ പ്രവർത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നത്.

 

 

Exit mobile version