Site icon Malayalam News Live

ഇന്ന് ലോകദന്താരോഗ്യ ദിനം! ശരീരത്തിൻ്റെ ആരോഗ്യം പോലെ തന്നെ കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്; വായയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

കോട്ടയം: ഇന്ന് മാർച്ച്‌ 20. ഓറല്‍ ഹെല്‍ത്ത്‌ ഡേ അഥവാ ലോകദന്താരോഗ്യ ദിനം. ശരീരത്തിൻ്റെ ആരോഗ്യം പോലെ തന്നെ കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്.

ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിൻ്റെ മൊത്തം ആരോഗ്യത്തിൻ്റെയും കൂടിയുള്ള അടയാളമാണ്. ചുവന്നു തടിച്ചു വീർത്ത മോണകള്‍, ബ്രഷ് ചെയ്യുമ്ബോഴുള്ള രക്തസ്രാവം, വായ്നാറ്റം, മോണ ഇറങ്ങല്‍ തുടങ്ങിയവയെല്ലാം മോണ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. മിക്ക ദന്ത പ്രശ്നങ്ങളും ശരിയായ വൈദ്യസഹായം ഉപയോഗിച്ച്‌ തടയാനും ചികിത്സിക്കാനും കഴിയും. വായയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഒന്ന്

ഭക്ഷണം കഴിച്ചശേഷം, വെള്ളം കൊണ്ട് വായ നന്നായി കഴുകണം. ഇങ്ങനെ ചെയ്താല്‍ പല്ലിലുണ്ടായ ആവരണം നീക്കം ചെയ്യപ്പെട്ടു കൊള്ളും.

രണ്ട്

പല്ലിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാൻ ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കുക. കൂടാതെ, ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്‌ പല്ലിന്റെ എല്ലാ പ്രതലങ്ങളിലും എത്തത്തക്കവിധം കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും പല്ല് തേക്കുക.

മൂന്ന്

പതിവായി ദന്ത പരിശോധനകള്‍ നടത്തുന്നത് ഗുരുതരമായ ദന്ത പ്രശ്നങ്ങള്‍ തടയാൻ സഹായിക്കും. ഇത് ദന്തപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാൻ സഹായിക്കും.

നാല്

ബലത്തില്‍ പല്ല് തേക്കുമ്പോള്‍ പല്ലില്‍ ഉരയലുണ്ടാകുകയും സെൻസിറ്റിവിറ്റിക്ക് ഇത് കാരണമാകുകയും ചെയ്യും. സോഫ്റ്റ് ബ്രിസില്‍ ബ്രഷുകള്‍ ഉപയോഗിക്കണം.

അഞ്ച്

പല്ല് തേക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഫ്ലോസിംഗ്. ടൂത്ത് ബ്രഷിന്റെ കുറ്റിരോമങ്ങള്‍ എത്താൻ സാധ്യതയില്ലാത്ത പല്ലുകള്‍ക്കിടയില്‍ നിന്ന് ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ ഫ്ലോസിംഗ് സഹായിക്കുന്നു.

ആറ്

പല്ല് കൊണ്ട് കടിച്ച്‌ ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാൻ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാൻ സാധ്യതയുണ്ട്.

ഏഴ്

പുകവലി പല്ലിൻറെയും മോണയുടെയും ആരോഗ്യത്തെയും ബാധിക്കാം. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.

എട്ട്

ഇടയ്ക്കിടെ ഏതെങ്കിലും മൗത്ത് വാഷ് ഉപയോഗിച്ച്‌ വായ വൃത്തിയാക്കുന്നത് വായയുടെ ആരോഗ്യത്തിന് നല്ലത്.

Exit mobile version