Site icon Malayalam News Live

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ; വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യ ഇനി പരിഗണിക്കാന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ട്.

 

ഷമിയെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഉപയോഗിക്കാനാണ് ഇന്ത്യന്‍ ബോര്‍ഡിന്‍റെ പദ്ധതി. 2024ലെ ട്വന്‍റി 20 ലോകകപ്പില്‍ ഷമി കളിക്കുന്ന കാര്യം വരുന്ന ഐപിഎല്‍ സീസണിലെ പ്രകടനം ആശ്രയിച്ചിരിക്കും. ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ താരമാണ് മുഹമ്മദ് ഷമി. ഏഴ് മത്സരങ്ങളില്‍ മാത്രം അവസരം കിട്ടിയ ഷമി മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റും സഹിതം ആകെ 24 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി.

രണ്ടാമത് നില്‍ക്കുന്ന ഓസീസ് സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് 11 മത്സരങ്ങള്‍ വേണ്ടിവന്നു 23 വിക്കറ്റ് സ്വന്തമാക്കാന്‍. ലോകകപ്പില്‍ 48.5 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് ഷമി 10.71 എന്ന അമ്ബരപ്പിക്കുന്ന ശരാശരിയിലാണ് 24 വിക്കറ്റുകള്‍ പിഴുതത്. 257 റണ്‍സെ 2023 ഏകദിന ലോകകപ്പില്‍ ഷമിവിട്ടുകൊടുത്തുള്ളൂ. കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ ഷമിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വരാനിരിക്കുന്ന ഏകദിന, ട്വന്‍റി 20 പരമ്ബരകളിലേക്ക് പരിഗണിച്ചില്ല. അതേസമയം ടെസ്റ്റ് സ്‌ക്വാഡില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്ക് മാറിയെത്തിയാലും മുഹമ്മദ് ഷമിയെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് ഇനി പരിഗണിക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദിന ലോകകപ്പില്‍ കളിച്ച പ്രധാന താരങ്ങള്‍ മിക്കവരും 2024ലെ ട്വന്‍റി 20 ലോകകപ്പിനുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത് എങ്കിലും ഷമിയെ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്.

 

 

Exit mobile version