Site icon Malayalam News Live

വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി; പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 185 പേര്‍ എതിർക്കുകയും ചെയ്തു. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. വനിതാ സംവരണ ബില്‍ ഫെഡറല്‍ സംവിധാനത്തിന് എതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യം ഹൈജാക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബില്‍ പിന്‍വലിക്കണമെന്നും കെസി ആവശ്യപ്പെട്ടു. ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. കശ്മീരിനും അസമിനും സംഭവിച്ചത് രാജ്യം മുഴുവന്‍ സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബില്‍ ജനാധിപത്യത്തിന് എതിരാണെന്നും പിന്‍വലിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. അംബേദ്കറുടെ ആശയങ്ങള്‍ തകിടം മറിച്ചുവെന്നും ഭരണഘടനാ-ജനാധിപത്യ വിരുദ്ധമാണെന്നും ടിഎംസി എംപി പറഞ്ഞു. ബില്‍ സ്ത്രീ സംവരണത്തിന് ഉളളതല്ലെന്നും മണ്ഡല പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുളളതാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. 2023ല്‍ വനിതാ സംവരണത്തെ പ്രതിപക്ഷം പൂര്‍ണമായി പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.

Exit mobile version