Site icon Malayalam News Live

കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായി; വനത്തിലേക്ക് പോയ സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി; തെരച്ചില്‍ ഇന്നും തുടരും

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. രണ്ട് സംഘം കാട്ടില്‍ തുടരുകയാണ്. നേരം വെളുക്കുന്നതോടെ തെരച്ചില്‍ തുടരുമെന്നാണ് വിവരം.

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ രാത്രി വൈകിയും തെർമല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്‌ഒ ശ്രീനിവാസ് അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണില്‍ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച്‌ അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച്‌ പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.

പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചില്‍. നിലവില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടില്‍ കുടുങ്ങുകയായിരുന്നു. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയത്.

Exit mobile version