Site icon Malayalam News Live

ബാഗില്‍ 15 ലക്ഷം രൂപയുമായി എടിഎമ്മിൽ എത്തി, തിരക്കിട്ട് വിവിധ അക്കൗണ്ടുകളിലേക്ക് സി.ഡി.എം. വഴി പണം നിക്ഷേപിച്ചു, പോലീസെത്തി കയ്യോടെ പൊക്കി; രേഖകളില്ലാത്ത പണവുമായി യുവതി അറസ്റ്റിൽ, അനധികൃത പണമിടപാട് സംഘത്തിലെ കണ്ണിയെന്ന് പോലീസ്

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്റ്റില്‍. മാടായി മുംതാസ് ലൈല (50) യെയാണ് ബാഗില്‍ നിറച്ച പണവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടാമ്പി റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിന് മുൻവശമായിരുന്നു സംഭവം.

ബാഗില്‍ പണവുമായെത്തിയ സ്ത്രീ സി.ഡി.എം. വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധിക്കുകയായിരുന്നു.

പണവുമായി നില്‍ക്കുന്ന സ്ത്രീയോട് ഉറവിടത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ഇല്ലാതിരുന്നതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം പണമിടപാട് സംഘത്തില്‍ നിരന്തരമായി പ്രവർത്തിച്ചുവരുന്ന സ്ത്രീയാണെന്ന് ചോദ്യംചെയ്യലില്‍ മനസ്സിലായതായി പെരിന്തല്‍മണ്ണ എസ്.എച്ച്‌.ഒ. സുമേഷ് സുധാകർ അറിയിച്ചു.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട മുഴുവൻ കണ്ണികളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും എസ്.എച്ച്‌.ഒ. അറിയിച്ചു. സി.പി.ഒ.മാരായ സ്മിത, ഗ്രീഷ്മ, ജിതിൻ, സജി, ബിബിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി വനിതാ ജയിലില്‍ റിമാൻഡ് ചെയ്തു.

Exit mobile version