ആർത്തവവിരാമം നിരവധി ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒന്ന് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്. ആർത്തവവിരാമവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും തമ്മിൽ ബന്ധമുള്ളതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
സ്ത്രീയുടെ പ്രത്യുത്പാദന പ്രവർത്തനത്തിന്റെ അവസാനത്തെയാണ് ആർത്തവവിരാമം എന്ന് അർത്ഥമാക്കുന്നത്. ഈ സമയത്ത് ഏറ്റവും ഗുരുതരവും എന്നാൽ അറിയപ്പെടാത്തതുമായ അപകടസാധ്യതകളിൽ ഒന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD) വരാനുള്ള സാധ്യത.
ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ഈ ഹോർമോൺ ഹൃദയത്തിന് നൽകുന്ന സംരക്ഷണ ഫലം കുറയുന്നു. ഇത് ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവരാക്കുന്നു. 45-55 വയസ്സിനിടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ഒരു സ്ത്രീക്ക് ഒരു വർഷത്തിലേറെയായി ആർത്തവം ഇല്ലാത്തപ്പോഴാണ് ഇത് നിർണ്ണയിക്കുന്നത്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ കുറവ് കാരണം ഇത് വിവിധ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.
രാത്രിയിൽ വിയർക്കൽ, മാനസികാവസ്ഥയിൽ മാറ്റങ്ങൾ, ഉറക്ക അസ്വസ്ഥതകൾ, യോനിയിലെ വരൾച്ച, ക്രമരഹിതമായ ആർത്തവം എന്നിവയാണ് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ. ആർത്തവവിരാമം ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.
ചില സ്ത്രീകളിൽ ആർത്തവവിരാമം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്തുന്നതിലും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിലും ഈസ്ട്രജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് ഉയരുക, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) കുറയുക, രക്തസമ്മർദ്ദം കൂടുക, ധമനികൾ കട്ടിയാകുക എന്നിവയ്ക്ക് ഇടയാക്കും.
ഈ മാറ്റങ്ങൾ ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾ സമയബന്ധിതമായി പരിശോധനകൾക്ക് വിധേയരാകുകയും ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തേണ്ടതും പ്രധാനമാണ്. മുമ്പുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ആർത്തവവിരാമം സംഭവിച്ചവരുമായ സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണം.
