Site icon Malayalam News Live

കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്

ആലപ്പുഴ: വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്ക്.

വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തില്‍ കെ.പി.രാജു (75) നാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി എത്തി രാജുവിനെ ആക്രമിച്ചത്.

അക്രമണത്തില്‍ വയോധികന് ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റു. കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

വീടിനു സമീപത്തു കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ ഓടി വന്ന പന്നിയാണ് ആക്രമിച്ചത്. സമീപം ഉണ്ടായിരുന്ന ആള്‍ ബഹളം ഉണ്ടാക്കിയതോടെ പന്നി ഓടിപ്പോവുകയായിരുന്നു. അക്രമത്തില്‍ ഇടതുകാലിന് മുട്ടിന് താഴെ ആഴത്തില്‍ മുറിവേറ്റ രാജുവിനെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ കാട്ടുപന്നി ശല്യം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Exit mobile version