Site icon Malayalam News Live

ആദ്യ ഭാര്യയിലെ മകളുടെ മുന്നില്‍വച്ച് ഭർത്താവ് രണ്ടാം ഭാര്യയെ വീട്ടു മുറ്റത്തിട്ട് കുത്തികൊലപ്പെടുത്തി; ഹൃദയത്തിലും വയറ്റിലും കരളിലുമായി കുത്തിയത് അഞ്ച് തവണ; കേസില്‍ 82കാരന് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: രണ്ടാം ഭാര്യയെ വീട്ടു മുറ്റത്തുവെച്ച് കുത്തികൊലപ്പെടുത്തിയ കേസില്‍ വയോധികന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.

തിരുവല്ലം, മേനിലം, തിരുവഴിമുക്ക്, സൗമ്യ കോട്ടേജില്‍ ജഗദമ്മയെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അപ്പുകുട്ടന്‍ എന്ന് വിളിക്കുന്ന ബാലാനന്ദനെയാണ് (89) നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ ശിക്ഷിച്ചത്.

ആദ്യ ഭാര്യയിലെ മകളുടെ മുന്നില്‍വെച്ചാണ് ബാലാനന്ദന്‍ ജഗദമ്മയെ കുത്തികൊലപ്പെടുത്തിയത്. 2022 ഡിസംബര്‍ 22-ന് വൈകീട്ട് 3.15-നാണ് കൊലപാതകം നടന്നത്. ബാലാനന്ദന്റെ ആദ്യ ഭാര്യയിലെ മകളായ സൗമ്യയുടെയും അയല്‍വാസികളുടെയും മൊഴിയും ഇതേവീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായ തെളിവുകളായത്.

പ്രതിയായ ബാലാനന്ദന്‍ കള്ളുഷാപ്പ് കരാറുകാരനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യയായ കമലമ്മയില്‍ സൗമ്യ, ജയചന്ദ്രന്‍, ലത എന്നീ മക്കളുണ്ടായിരുന്നു. ആദ്യ ഭാര്യയുള്ളപ്പോഴാണ് കൊല്ലപ്പെട്ട ജഗദമ്മയെ രണ്ടാം ഭാര്യയായി വീട്ടില്‍ താമസിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ആദ്യ ഭാര്യ മരിച്ചിരുന്നു. തുടര്‍ന്ന് മകള്‍ സൗമ്യയും രണ്ടാം ഭാര്യ ജഗദമ്മയും മാത്രമാണ് ബാലാനന്ദനൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്.

ആദ്യ ഭാര്യയിലെ മക്കളായ ജയചന്ദ്രനും, ലതയും വീട്ടിലെത്തിയാല്‍ ജഗദമ്മ ഇവരെ സത്കരിക്കാറുണ്ട്. എന്നാല്‍, ഇതിനെ ബാലാനന്ദന്‍ എതിര്‍ത്തിരുന്നു. ഇതിനെ ചൊല്ലി ജഗദമ്മയും ബാലാനന്ദനുമായി വഴക്കുണ്ടായിണ്ടുണ്ട്. മക്കളില്ലാതിരുന്ന ജഗദമ്മ, ജയചന്ദ്രനെയും ലതയെയും വീട്ടില്‍ കയറ്റിയതിലുള്ള വൈരാഗ്യത്തിലാണ് മകള്‍ സൗമ്യയും അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണരാജ്, ലതിക, ലേഖരാജ് എന്നിവരും നോക്കിനില്‍ക്കെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.

സൗമ്യയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. ജഗദമ്മയുടെ ഹൃദയത്തിലും വയറ്റിലും കരളിലുമായി അഞ്ച് തവണയാണ് പ്രതി കുത്തിയത്. സംഭവത്തെ തുടര്‍ന്ന് തിരുവല്ലം പോലീസ് എത്തിയാണ് കുത്തേറ്റ് നിലത്തുവീണ് കിടന്ന ജഗദമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജഗദമ്മ മരിച്ചിരുന്നു.

Exit mobile version