Site icon Malayalam News Live

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കൈക്കോട്ട് കൊണ്ട് തലക്കടിച്ചു; സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: വീട്ടില്‍ ഉച്ചമയക്കത്തിലായിരുന്ന ഭർത്താവിനെ കൈക്കോട്ട് കൊണ്ട് തലക്കടിച്ച കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു.

മണിയൂർ തുറശ്ശേരിക്കടവ് പാലത്തിന് അടുത്തുള്ള നെല്ലിക്കുന്നുമല ദ്വാരക ഹസ്സില്‍ രതീഷിനെ(48) ആണ് ഭാര്യ ഷൈമ (46) ആക്രമിച്ചത്.

കഴിഞ്ഞ മെയ് 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച്‌ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ വൈകിട്ട് നാലരയ്ക്ക് ഷൈമ ആക്രമിക്കുകയായിരുന്നു.

കൈക്കോട്ട് ഉപയോഗിച്ച്‌ തുടര്‍ച്ചയായുള്ള അടിയേറ്റ് തലയോട്ടിക്ക് സാരമായി പരുക്കേറ്റ രതീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയെ തുടര്‍ന്ന് തലയോട്ടിയുടെ മുന്‍ഭാഗത്ത് ക്ഷതമേല്‍ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. മുതുകിലും സാരമായി പരുക്കേറ്റു. തലയില്‍ നാല് തുന്നലിട്ടിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഷൈമ മാനസിക വൈകല്യം നേരിടുന്നയാളാണെന്നാണ് ലഭിക്കുന്ന സൂചന. നടപടികള്‍ പൂര്‍ത്തിയാക്കി പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.

Exit mobile version