Site icon Malayalam News Live

അമ്മ ഒഴികെ ബാക്കിയെല്ലാവരെയും ദുരന്തത്തിൽ നഷ്ടപ്പെട്ടു ; ഒന്നുമറിയാതെ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരൻ അവ്യക്ത് ആശുപത്രി വിട്ടു

കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസുകാരൻ അവ്യക്ത് ആശുപത്രി വിട്ടു.

അമ്മ ഒഴികെ കുടുംബത്തിലെ എല്ലാവരേയും നഷ്ടപ്പെട്ട അവ്യക്ത് ഒരു മാസത്തിന് ശേഷം ഒറ്റമുറി വാടക വീട്ടിലേക്കാണ് മടങ്ങുന്നത്.

ഉരുൾ എല്ലാം തകർത്തെറിഞ്ഞ വെള്ളാർമലയിൽ നിന്നുമാണ് അവ്യക്തിനെ രക്ഷാ പ്രവർത്തകർ കണ്ടെത്തിയത്.

ചളിയിൽ പുതഞ്ഞ്, ദേഹമാകെ മുറിഞ്ഞ്, ജീവൻ മാത്രമായിരുന്നു ബാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുമ്പോഴും പ്രതീക്ഷകൾ കുറവായിരുന്നു.

ആന്തരികാവയവങ്ങളിൽ ചളിയും മണ്ണും കയറി.

തലയ്ക്കും കൈക്കും കാലിനും പരുക്ക്.

അതീവ ഗുരുതരാവസ്ഥയിൽ നിന്നാണ് ഒരു മാസത്തിനിപ്പുറം ചിരിച്ചുകൊണ്ടുള്ള മടക്കം.

ജൂലൈ 29 ന് വെള്ളാർമലയിലെ വീട്ടിൽ അച്ഛനും അമ്മക്കും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം കിടന്നുറങ്ങിയതാണ്.

അമ്മ ഒഴികെ ബാക്കിയുള്ളവരെയെല്ലാം ഉരുളെടുത്തത് കുഞ്ഞ് മനസ് ഇതുവരെ അറിഞ്ഞിട്ടില്ല.
ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന അവ്യക്തിനെ കാത്ത് അമ്മ രമ്യ മേപ്പാടിയിലെ ആശുപത്രിയിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ രമ്യക്ക് ഇപ്പോഴും ആശുപ്ത്രി വിടാനായിട്ടില്ല.

എന്താണ് സംഭവിച്ചതെന്ന് താൻ നേരിട്ട് മകനോട് പറയാമെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചത്.

ആശുപത്രിയിലെത്തി അഞ്ചാം നാളാണ് അവ്യക്തിനെ തിരിച്ചറിയാനായത്.

അതുവരെ തങ്ങളുടെ മകനാണെന്ന ധാരണയിൽ മറ്റൊരു കുടുംബം പരിചരിക്കുകയായിരുന്നു. മാധ്യമങ്ങളിൽ വന്ന ദൃശ്യം കണ്ടാണ് ചെറിയച്ഛന് അവ്യക്താണെന്ന് മനസിലാകുന്നത്. ഒരുമാസക്കാലം ആശുപത്രി ജീവനക്കാരായിരുന്നു അവ്യക്തിന് കുടുംബം.

സ്നേഹ സമ്മാനവും വാങ്ങിയാണ് മടക്കം.

മഹാദുരന്തത്തിന്റെ ശേഷിപ്പുകൾ കുഞ്ഞു ശരീരത്തിൽ ബാക്കിയുണ്ട്. വീണ്ടും അമ്മയെകാണുന്പോൾ, അച്ഛനും സഹോദരിയും ഇനിയില്ലെന്നറിയുന്പോൾ, വെള്ളാർമലയും കളിക്കൂട്ടുകാരും കാണാമറയത്താണെന്ന് ബോധ്യപ്പെടുന്പോൾ കുഞ്ഞു മനസിന്റെ പ്രതികരണം എന്താകുമെന്നതിൽ ചികിത്സിച്ചവർക്കും കൂടെനിന്നവർക്കും ആശങ്കയുണ്ട്.

എല്ലാം ഉൾക്കൊള്ളാൻ കൂടെ ഈ അതിജീവനം കരുത്താകുമെന്നാണ് പ്രതീക്ഷ.

Exit mobile version