Site icon Malayalam News Live

ദുരന്തബാധിതരുടെ പുനരധിവാസം: കരട് പട്ടികയില്‍ വൻ പിഴവുകള്‍; പ്രതിഷേധവുമായി ആക്ഷൻ കൗണ്‍സില്‍; വിശദീകരണവുമായി മന്ത്രി

കല്‍പ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വൻ വിവാദം.
ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗണ്‍സില്‍ പ്രതിഷേധമുയർത്തി.
ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡിഡിഎംഎ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി.

മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ അടിമുടി പിഴവാണെന്ന് ദുരന്തബാധിതർ തന്നെ പറയുന്നത്.
മൂന്ന് വാർഡുകളിലെ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ പലരുടെയും പേരുകളില്‍ ഇരട്ടിപ്പുണ്ട്. ഒറ്റ വാർഡില്‍ മാത്രം 70 പേരുടെ വരെ പേരുകള്‍ ഇരട്ടിപ്പാണെന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ ആരോപണം.

മേപ്പാടി പഞ്ചായത്തില്‍ തദ്ദേശഭരണ ജോയിൻ്റ് ഡയറക്ടർ വിളിച്ച യോഗത്തില്‍ ദുരന്തബാധിതരുടെ സംഘടന കടുത്ത പ്രതിഷേധം ഉയർത്തി. പിന്നാലെ എഡിഎമ്മും വില്ലേജ് ഓഫീസറും വിളിച്ച്‌ യോഗത്തിലും കരട് പട്ടിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുണ്ടായി.

പിഴവുകള്‍ സാങ്കേതികമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറാകാഞ്ഞതോടെ ഡിഡിഎംഐ യോഗം വിളിക്കാൻ തീരുമാനിച്ചതായി എഡിഎം അറിയിച്ചു.

Exit mobile version