Site icon Malayalam News Live

വയനാട് പുനരധിവാസം; സ്പോണ്‍സര്‍ഷിപ്പിന് വെബ് പോര്‍ട്ടല്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു.

100ല്‍ താഴെ വീടുകള്‍ സ്പോണ്‍സർ ചെയ്തവരുടെ യോഗമാണ് ചേർന്നത്. സ്പോണ്‍സർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ വെബ്പോർട്ടല്‍ തയ്യാറാക്കുമെന്നും നിലവിലുള്ള സ്പോണ്‍സർമാരുടെ വിവരങ്ങളും ഭാവി സ്പോണ്‍സർമാർക്കുള്ള ഓപ്ഷനുകളും അതില്‍ ലഭ്യമാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

ഓരോ സ്പോണ്‍സർക്കും സവിശേഷമായ സ്പോണ്‍സർ ഐഡി നല്‍കും. ഓണ്‍ലൈൻ പെയ്മെൻ്റ് ഓപ്ഷനും ഉണ്ടാകും. സ്പോണ്‍സർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്പോണ്‍സർഷിപ്പ് മാനേജ്മെൻറിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും.

ഇതിനുവേണ്ടി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്‍റെ പ്രവർത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും.

ഡിഡിഎംഎ, സ്പോണ്‍സർ, കോണ്‍ട്രാക്ടർ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ ഉണ്ടാകും. കരാറിന്‍റെ നിർവഹണം പിഐയു ഏകോപിപ്പിക്കും. നിർമ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും തീരുമാനിച്ചു.

Exit mobile version