Site icon Malayalam News Live

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയത് മൃഗങ്ങൾക്ക് പോലും വേണ്ടാത്ത പുഴുവരിച്ച അരി; ഭക്ഷ്യയോഗമല്ലാത്ത വസ്തുക്കൾ മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്തതിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടത്തി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു.
സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിക്കുകയാണ്.
പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം.
പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞു. പഞ്ചായത്ത് അധികൃതർ ആരും ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും, അങ്ങനെ ഉണ്ടായാൽ സമരം അവസാനയിപ്പിക്കുമെന്നുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികരിച്ചത്.

Exit mobile version