Site icon Malayalam News Live

‘അടിയന്തരമായി ഡയറക്ടര്‍ സ്ഥാനത്ത് നീക്കണം’, വിഎസിന്റെ മകൻ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസിന്റെ മകൻ അരുണ്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

സർക്കാർ സ്ഥാപനമായ ഐഎച്ച്‌ആർഡി യിലെ ഉദ്യോഗസ്ഥനായ അരുണ്‍കുമാർ, അമ്പലപ്പുഴ മത്സരിക്കുന്ന ജി സുധാകരൻ ഉള്‍പ്പെടെയുള്ള മുൻ സിപി നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ കുറിച്ച്‌ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി.

 

ഐഎച്ച്‌ആർഡി യിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകള്‍കൂടി ബാധകമാക്കിയാണ് ഐഎച്ച്‌ ആർ ഡി പ്രവർത്തിക്കുന്നത്. രാഷ്ട്രീയ വേരുകള്‍ മറന്ന് പുതിയ താവളങ്ങള്‍ തേടുന്നത് കാണുമ്പോള്‍ അത്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര- വയലാറിൻറെ മണ്ണിലെ പോരാട്ടവീര്യം വിപണിയില്‍ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയില്‍ സ്വരഭേദം കേള്‍ക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയുമെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നത്.

 

സർക്കാർ സ്ഥാപനത്തില്‍ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായ അരുണ്‍കുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന വേളയില്‍ അരുണ്‍ കുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യാൻ സർക്കാരിന് നിർദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

Exit mobile version