Site icon Malayalam News Live

എബിവിപി പ്രവര്‍ത്തകൻ വിശാല്‍ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.

 

മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

 

ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന ഇരുപതു പേരാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്നു 13 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്.

 

കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്. കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്ബസ് ഫ്രണ്ടുകാരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു.

 

വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികള്‍ മുറിവേല്‍പ്പിക്കുകയും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുള്‍പ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തില്‍ പരിക്കേറ്റത്.

 

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസം മരണപ്പെട്ടു. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. കേസിലെ ഇരുപതു പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

Exit mobile version