തമിഴ്നാട്ടില്‍ നടൻ വിജയ്യുടെ ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ സജീവമാകുന്നു.
വിജയ് നയിക്കുന്ന പുതിയ തമിഴ്നാട് സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്നും, അതിനാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി അണികള്‍ ഇപ്പോള്‍ തന്നെ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ കർശന നിർദ്ദേശം നല്കി.
പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ സുപ്രധാന പ്രസ്താവന നടത്തിയത്. നിലവില്‍ 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, 107 സീറ്റുകള്‍ നേടിയ ടി.വി.കെ, കോണ്‍ഗ്രസിന്റെയും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന വി.സി.കെ, സി.പി.ഐ, സി.പി.എം, ഐ.യു.എം.എല്‍ എന്നീ ഡി.എം.കെ സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇതിനുപുറമെ, കഴിഞ്ഞ ദിവസത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയ്യെ പിന്തുണച്ച 25 അണ്ണാ ഡി.എം.കെ വിമത എം.എല്‍.എമാരുടെ പിന്തുണയും സർക്കാരിനുണ്ട്. എന്നാല്‍ സഖ്യകക്ഷികള്‍ പിന്തുണ പിൻവലിക്കുകയോ, കൂറുമാറ്റ നിരോധന നിയമപ്രകാരം വിമത എം.എല്‍.എമാരെ സ്പീക്കറോ കോടതിയോ അയോഗ്യരാക്കുകയോ ചെയ്താല്‍ വിജയ് സർക്കാർ വൻ പ്രതിസന്ധിയിലാകുമെന്നാണ് ഡി.എം.കെ കണക്കുകൂട്ടുന്നത്.
ഈ പരാജയം താല്‍ക്കാലികം മാത്രമാണെന്നും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
തമിഴ്നാട്ടില്‍ ഡി.എം.കെയുടെ ‘ഉദയസൂര്യൻ’ ചിഹ്നം ഒരിക്കലും അസ്തമിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, സ്വന്തം മണ്ഡലമായ കൊളത്തൂരിലെ പരാജയമുള്‍പ്പെടെയുള്ള തിരിച്ചടിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ടി.വി.കെ ബഹുദൂരം മുന്നിലാണെന്ന് സമ്മതിച്ച സ്റ്റാലിൻ, ഡി.എം.കെയുടെ സൈബർ സാന്നിധ്യം ശക്തമാക്കാൻ അണികളോട് ആഹ്വാനം ചെയ്തു. ഒരുകാലത്ത് ചായക്കടകളില്‍ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിയുടെ യഥാർത്ഥ കാരണങ്ങള്‍ പഠിക്കാനും ജനങ്ങളില്‍ നിന്ന് നേരിട്ട് ഫീഡ്ബാക്ക് സ്വീകരിക്കാനുമായി സ്റ്റാലിൻ 36 അംഗ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ 59 വർഷമായി നിലനിന്നിരുന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വ ഭരണത്തിനാണ് വിജയ്യുടെ വരവോടെ അന്ത്യമായത്.
എന്നാല്‍, പ്രതിപക്ഷത്തിന്റെ ഇത്തരം അട്ടിമറി അവകാശവാദങ്ങളില്‍ തങ്ങള്‍ ഒട്ടും ആശങ്കാകുലരല്ലെന്നും അഞ്ച് വർഷം പൂർണ്ണ കാലാവധി ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയും തങ്ങള്‍ക്കുണ്ടെന്നുമാണ് ടി.വി.കെ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
