Site icon Malayalam News Live

തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്യും ; ഫാൻസ് ഗ്രൂപ്പായ ‘ വിജയ് മക്കള്‍ ഇയക്കമാണ് ‘സമ്പൂർണ്ണ രാഷ്ട്രീയ പാർട്ടിയാവുന്നത്

 

ചെന്നൈ : ചെന്നൈക്ക് സമീപം പനയൂരില്‍ ചേർന്ന ചേർന്ന ഇയക്കം ജനറല്‍ കൗണ്‍സില്‍ യോഗം പാർട്ടി അദ്ധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തു.ജനറല്‍ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ കൗണ്‍സില്‍ യോഗം രൂപം നല്‍കി. പാർട്ടിയുടെ പേര് തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തി. പേര് തീരുമാനിച്ചാലുടൻ രജിസ്‌ട്രേഷൻ നടത്തും. തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.

2026ലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി പ്രവർത്തനം സജീവമാക്കും. യുവാക്കളാണ് വിജയ് സിനിമകളെ വിജയിപ്പിക്കുന്നത്. പരമാവധി യുവാക്കളെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പരിപാടികള്‍ ആരംഭിക്കാനും 200 അംഗ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തമിഴ്നാടിന്റെ പാരമ്ബര്യത്തിന് ഉതകുന്ന പേരാകും പാർട്ടിക്കെന്നും പേരിനൊപ്പം ‘കഴകം’ ഉണ്ടാകുമെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

 

പത്തു വർഷമായി വിജയ് രാഷ്ട്രീയത്തിലെത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. 68 സിനിമകളില്‍ അഭിനയിച്ച വിജയ് ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, വായനശാലകള്‍, സായാഹ്ന ട്യൂഷൻ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജയ് ഫാൻസ് തമിഴ്നാട്ടിലുടനീളം നടത്തുന്നത്.

 

കഴിഞ്ഞ ജൂണില്‍ ചെന്നൈയില്‍ വിദ്യാർത്ഥികളുടെ പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചന ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരില്‍ നിന്ന് വോട്ടിനായി പണം വാങ്ങരുതെന്നും ബി.ആർ അംബേദ്കർ, പെരിയാർ ഇ.വി രാമസാമി, കെ കാമരാജ് തുടങ്ങിയ നേതാക്കളെ കുറിച്ച്‌ സ്വയം ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോടും മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version