പാലക്കാട്: സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ അധ്യാപകരെയാണ് വിഎച്ച്പി പ്രവർത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്.
സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കിൽ നിങ്ങൾ ഇത്തരത്തിൽ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.
കുട്ടികളെ നിർബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവർ അധ്യാപകരെ ചോദ്യം ചെയ്തത്. സംഭവത്തിൽ മൂന്നുപേരാണ് അറസ്റ്റിലായത്.
നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ, തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ചുമത്തിയാണ് കേസ്.
എന്നാൽ, സ്‌കൂളിൽ എത്തിയ ആളുകളെ മുൻപ് കണ്ട് പരിചയം പോലുമില്ലെന്നാണ് അധ്യപകർ പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്‌കൂളിലെ പ്രധാന അധ്യാപിക പൊലീസ് പരാതി നൽകുകയായിരിന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണെന്ന് തിരിച്ചറിയുന്നത്.
