ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്ന് നിര്‍ണായകം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇക്കഴിഞ്ഞ ജനുവരി 21ന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. തൊണ്ണൂറ് ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം പാളി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയാണെങ്കിൽ മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെ കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാകും ഉണ്ണികൃഷ്ണന്‍ പോറ്റി. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.
