വാഷിങ്ടൺ : വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 1430 കടന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് 1600ലധികം രക്ഷാപ്രവര്‍ത്തക സംഘം ദുരന്ത ബാധിത പ്രദേശത്ത് എത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് അനുഭവപ്പെടുന്ന ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാരക്കാസിനടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേകളില്‍ ഒന്ന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായപ്രവാഹത്തിന് നേരിട്ട പ്രധാന പ്രതിസന്ധി ഇതോടെ മറികടന്നെന്നും അധികൃതര്‍ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 24 രാജ്യങ്ങള്‍ സഹായവും 2741 രക്ഷാപ്രവര്‍ത്തകരെയും അയച്ചതായി വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.
ജൂൺ 24നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിന് പിന്നാലെ 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 7.5 തീവ്രതയുളള രണ്ടാമത്തെ ഭൂകമ്പം കൂടി ഉണ്ടായി. രണ്ടാമത്തെ ഭൂകമ്പം ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി ശക്തമായിരുന്നുവെന്നാണ് സ്ഥിരീകരണം.
