Site icon Malayalam News Live

അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി; പതിനയ്യായിരത്തോളം പേര്‍ക്ക് സത്യപ്രതിജ്ഞ ഇരുന്നുകാണാം; രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം; തലസ്ഥാനം കനത്ത സുരക്ഷയിൽ; ടീം വിഡിഎസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അൽപ്പസമയത്തിനകം…!

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ വമ്പൻ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവർത്തകർ.

ടീം വിഡിഎസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാന നഗരം മുഴുവൻ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.
മഴയുടെ അന്തരീക്ഷമാണെങ്കിലും യുഡിഎഫ് പ്രവർത്തകരുടെ ആവേശത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.

നഗരവീഥികളിലും സെക്രട്ടേറിയറ്റും പരിസരവുമൊക്കെ തൂവെള്ള വസ്ത്രങ്ങളണിഞ്ഞ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിച്ചതുമുതല്‍ തലസ്ഥാനത്തേക്ക് വിവിധ ജില്ലകളില്‍ നിന്ന് യു.ഡി.എഫ്. പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സത്യപ്രതിജ്ഞാനാള്‍ അറിഞ്ഞപ്പോള്‍ വരുന്നവരുടെ എണ്ണം കൂടി.

കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവൻ, കന്റോണ്‍മെന്റ് ഹൗസ്, മുതിർന്ന നേതാക്കളുടെ തലസ്ഥാനത്തെ വസതികള്‍ എന്നിവിടങ്ങളിലെല്ലാം പ്രവർത്തകർ തടിച്ചുകൂടി. ദിവസങ്ങള്‍ക്കു മുൻപേ വന്നവർപോലും സത്യപ്രതിജ്ഞകഴിഞ്ഞേ മടങ്ങിപ്പോകുന്നുള്ളൂ എന്ന തീരുമാനത്തില്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചു.

നഗരത്തിലെ ഹോട്ടലുകളിലൊന്നും മുറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. കച്ചവടക്കാർക്കും പുതിയ സർക്കാരിന്റെ വരവില്‍ കോളടിച്ചു. ചായക്കടകളിലും ഹോട്ടലുകളിലുമെല്ലാം മികച്ച കച്ചവടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

മന്ത്രിസഭാ രൂപവത്കരണത്തിന്റെ തത്സമയ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞും പ്രവർത്തകർ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതും ചർച്ചകള്‍ നടത്തുന്നതും കാണാമായിരുന്നു.

Exit mobile version