Site icon Malayalam News Live

സിപിഎം കോട്ടകള്‍ തകര്‍ത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് വി.ഡി. സതീശൻ.

 

താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയില്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, എന്നാല്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കില്‍ പദവികള്‍ ഒഴിയുമെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോള്‍ യുഡിഎഫിനെ തിരികെ കൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് നല്‍കിയ വാക്ക് പാലിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മതേതര കേരളമാണ് ഈ വിധി എഴുതിയതെന്നും ഇത് യഥാർത്ഥ ‘കേരള മോഡല്‍’ വിജയമാണെന്നും സതീശൻ പറഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനങ്ങള്‍ യുഡിഎഫിനെ സഹായിച്ചു.

 

യുഡിഎഫ് കുടുംബത്തിന് പുറത്തുള്ളവരും ഉത്തമരായ കമ്മ്യൂണിസ്റ്റുകാരും പോലും സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ് ഭരണകക്ഷിയുടെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയത്.

 

നെഹ്റുവിയൻ ഇടതുപക്ഷം നമ്മളാണെന്ന സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും, ഒരു ഹർത്താലോ ബന്ദോ നടത്താതെയാണ് ഈ ചരിത്ര വിജയം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സിപിഎം-ബിജെപി ഡീല്‍ അണികള്‍ തന്നെ പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം അദ്ഭുതകരമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. നൂറിലധികം സീറ്റുകള്‍ നേടുമെന്ന് താൻ പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അമ്പലപ്പുഴയിലും തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ മുന്നേറ്റങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തെ വികസനത്തിന്റെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പുതിയ സർക്കാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മാണി ഗ്രൂപ്പിനോട് വാതില്‍ തുറന്നുവെച്ചിരുന്നുവെങ്കിലും അവർ വന്നില്ലെന്നും, ഇത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version