Site icon Malayalam News Live

വളരുന്ന കേരളം, വളർത്തിയവർക്ക് ആദരം..!! വയോമിത്രം പദ്ധതി അവശതയില്‍; പ്രായമായവര്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ല; വെട്ടികുറച്ചത് 50-ഓളം മരുന്നുകള്‍

കൊച്ചി:വളരുന്ന കേരളം, വളർത്തിയവർക്ക് ആദരം എന്ന ടാഗ് ലൈനോടെ തുടങ്ങിയ വയോമിത്രം പദ്ധതി ഏതാനും മാസമായി അവശതയില്‍.

65-നു മുകളില്‍ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ മാനസിക, ആരോഗ്യ സംരക്ഷണ പരിപാലനത്തിനായി സാമൂഹിക സുരക്ഷാ മിഷനു കീഴില്‍ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്.

വയോധികർക്ക് ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ലെന്നാണ് പ്രധാന പരാതി. പല മരുന്നുകളും ഇപ്പോള്‍ പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്. 130 മരുന്നുകളാണ് പദ്ധതി വഴി വയോധികരില്‍ എത്തിയിരുന്നത്. ഇതില്‍ 50-ഓളം മരുന്നുകളാണ് വെട്ടിക്കുറച്ചത്.

സാമൂഹിക സുരക്ഷാ മിഷൻ ഡോക്ടർമാരോട് ഉപദേശം തേടാതെയാണ് മരുന്നുകള്‍ കുറച്ചതെന്ന് പരാതിയുണ്ട്. മുൻപ് രോഗിയുടെ ആരോഗ്യസ്ഥിതിയനുസരിച്ച്‌ ഒരു മരുന്നിന്റെ പല തരങ്ങള്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ഒരു ഇനം മരുന്ന് മാത്രമേ ഉള്ളു.

പദ്ധതിക്ക് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എല്‍.) മരുന്നുകള്‍ മൂന്നുമാസത്തില്‍ ഒരിക്കലാണ് എത്തിക്കുന്നത്. ഇവ രണ്ട് ദിവസത്തിനകം തീരും. ശ്വാസംമുട്ടലിനുള്ള ഇൻഹെയിലറും ഇൻസുലിനും ഇതിലുള്‍പ്പെടും. മരുന്നുകള്‍ തീർന്നാലും മൂന്നുമാസം കാത്തിരുന്നാല്‍ മാത്രമേ വീണ്ടും ലഭിക്കൂ.

Exit mobile version