Site icon Malayalam News Live

12 വര്‍‍ഷത്തിനിടയില്‍ ആദ്യ പ്രതിപക്ഷ വിജയം; വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടു; കേന്ദ്രത്തിന് കനത്ത തിരിച്ചടി

ഡൽഹി : വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനർനിർണയത്തില്‍ തട്ടി ലോക്സഭയില്‍ പരാജയപ്പെട്ടു.

ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്.
ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു.

കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബില്‍ ലോക്സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു.

എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്‍റെ തീരുമാനം.

എന്നാല്‍ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Exit mobile version