Site icon Malayalam News Live

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദിച്ച സംഭവം: രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റില്‍.

കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഘം ചേർന്നുള്ള മർദനത്തില്‍ പരിക്കേറ്റ വിനോദസഞ്ചാരികള്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് തൃശ്ശൂരില്‍ നിന്ന് 27 പേരടങ്ങിയ സംഘം ഓഫ് റോഡ് റൈഡിംഗിനായി ബൈക്കുകളില്‍ വണ്ടിപ്പെരിയാറിലെത്തിയത്. സത്രത്തിന് സമീപം വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായെത്തി.
ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി സഞ്ചാരികള്‍ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാല്‍ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് സഞ്ചാരികളെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് തയാറാകാതെ വന്നതോടെ ജീപ്പ് ഡ്രൈവർമാരുടെ സംഘം അതിക്രമം തുടങ്ങി. മർദനത്തില്‍ തൃശ്ശൂർ സ്വദേശി അനീഷിന്റെ ഇടതു കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിന് പരിക്കേറ്റു. ഇവരുടെ വാഹനങ്ങളും ആക്രമിച്ച്‌ നശിപ്പിച്ചു.

സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്.

Exit mobile version