Site icon Malayalam News Live

അധിക സ്റ്റോപ്പ് അനുവദിച്ചതോടെ വന്ദേ ഭാരതിന്റെ സമയക്രമത്തില്‍ മാറ്റം; തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം

തിരുവനന്തപുരം: അധിക സ്റ്റോപ്പ് അനുവദിച്ചതോടെ വന്ദേ ഭാരതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി.

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്.
ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം വന്നത്.

തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരില്‍ അധിക സമയം നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 23, 2023) മുതല്‍ പുതിയ സമയക്രമം നടപ്പില്‍ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതല്‍ രാവിലെ 5.15 നാണ് സര്‍വീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരില്‍ നിര്‍ത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരില്‍ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പില്‍ ട്രെയിൻ നിര്‍ത്തും.

9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ട്രെയിൻ സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. ഷൊര്‍ണൂരിന് ശേഷം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

Exit mobile version