ഡല്‍ഹി: ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വന്ദേഭാരത് എക്‌സ്‌പ്രെസ് ട്രെയിന്‍ മറ്റൊരു വമ്പന്‍ മാറ്റത്തിന് ഒരുങ്ങുന്നു.
സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് നിരക്ക് കൂടുതലാണെങ്കിലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതും ഒപ്പം യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ സമ്മാനിക്കുന്നതും വന്ദേഭാരതിന്റെ സവിശേഷതയാണ്. ഓടുന്ന ഒട്ടുമിക്ക റൂട്ടുകളിലും വന്‍ ഹിറ്റാണെന്നതാണ് റെയില്‍വേയെ സംബന്ധിച്ചുള്ള ലാഭം.
ഇപ്പോഴിതാ വന്ദേഭാരത് സര്‍വീസുകളില്‍ ആകര്‍ഷകമായ പുതിയ മാറ്റം കൊണ്ടുവരുകയാണ് റെയില്‍വേ. വെറും നാല് മണിക്കൂര്‍ കൊണ്ട് ഒറ്റ സ്റ്റോപ്പ് മാത്രമാക്കി ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് രീതി.
വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ ഗുജറാത്തിലെ അഹമ്മദാബാദിനെയും രാജസ്ഥാനിലെ ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സര്‍വീസ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കാത്തിരിക്കുന്നത്. ജനുവരി അവസാനമോ അല്ലെങ്കില്‍ ഫെബ്രുവരി ആദ്യത്തോടെയോ അഹമ്മദാബാദ്- ഉദയ്പൂര്‍ വന്ദേ ഭാരത് ആരംഭിച്ചേക്കുമെന്നാണ് വിവരം.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ ഉദയ്പൂരില്‍ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അഹമ്മദാബാദില്‍ എത്തിച്ചേരും. തിരികെ , അഹമ്മദാബാദില്‍ നിന്ന് വൈകുന്നേരം 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിലെത്തും. യാത്രയില്‍ ഒറ്റസ്റ്റോപ്പ് മാത്രമായിരിക്കും ഉണ്ടാവുക, രണ്ട് യാത്രകളിലും ഈ സര്‍വീസിന് ഹിമ്മത് നഗറില്‍ രണ്ട് മിനിറ്റ് നേരം വന്ദേഭാരത് നിര്‍ത്തും. അഹമ്മദാബാദില്‍, ട്രെയിന്‍ അസര്‍വ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.
