Site icon Malayalam News Live

വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പോലീസ്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ, കൂടുതൽ പേരെ പ്രതി ചേർക്കാൻ പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പിഎസ് ധന്യയും പ്രതികളാകും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിലെ ഏകപ്രതി ഡോ. ലളിതാംബിക കരുണാകരനെ ഉടൻ ചോദ്യം ചെയ്യും. പുറത്തെടുത്ത ആർട്ടറി ഫോർസെപ്സിന്റെ കാലപ്പഴക്കം കണ്ടെത്തുന്നത് നിർണായകമാകും.

ഡോ. ലളിതാംബിക കരുണാകരന്റെ കീഴിൽ ഒമ്പതംഗ സംഘമാണ് ഉണ്ടായിരുന്നത്. സീനിയർ റസിഡന്റ് ഡോ.ഭാർഗവി, ജൂനിയർ റസിഡന്റ് ഡോ.ഗ്രീഷ്മ എന്നിവരായിരുന്നു ഷാ ജോസഫിന്റെ ശസ്ത്രക്രിയ നടത്താൻ ഡോ. ജെ ഷാഹിദയുടെ സഹായികളായി ഉണ്ടായിരുന്നത്. നഴ്സിങ് ഓഫീസർ പി എസ് ധന്യ, ഓപ്പറേഷൻ തീയേറ്റർ ചുമതലയുള്ള സീനിയർ നഴ്സിങ് ഓഫീസർമാരായ സിമി, മഞ്ജു എന്നിവരും സംഘത്തിൽ. ഡോക്ടർമാരായ ബിബി, ജയശ്രീ, ഹരികൃഷ്ണൻ എന്നിവരാണ് അനസ്തേഷ്യക്ക് നേതൃത്വം നൽകിയവർ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഉഷ ജോസഫിന്റെ കേസ് ഷീറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version