Site icon Malayalam News Live

വാൽപ്പാറയിൽ അധ്യാപകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്ത്

വാൽപ്പാറയിൽ അധ്യാപകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി ചികിത്സയില്‍ കഴിഞ്ഞത്. അതേസമയം അപകടത്തിൽ പരിക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

നൗഷാദിന്റെ മരണത്തിന് പിന്നാലെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയില്‍ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈറ്റല്‍സ് നോര്‍മലല്ലായിരുന്നു. നില വഷളായപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ട് ഒന്നര മണിക്കൂര്‍ വൈകിയാണ് എത്തിയത്. പരാതി പറഞ്ഞപ്പോള്‍ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ ഒൻപത് പേർ അപകടം നടന്ന അന്ന് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

Exit mobile version