Site icon Malayalam News Live

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം; തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തില്‍ അഴിച്ചുപണി

സ്വന്തം ലേഖിക

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ സിബിഐ സംഘത്തില്‍ അഴിച്ചുപണി.

തുടരന്വേഷണം നടത്തുന്ന സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി.
സിബിഐ അഡീഷണല്‍ ഡയറക്ടറാണ് ഉദ്യോഗസ്ഥരെ മാറ്റികൊണ്ടുള്ള ഉത്തരവിറക്കിയത്.

പുതിയ സംഘത്തില്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി , ഡിവൈഎസ്പി എന്നിവരെ ഉള്‍പ്പടെ നിയമിച്ചു.
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങള്‍ കൂടി കേസില്‍ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം.

നേരത്തെ, അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ സിബിഐയുടെ നുണപരിശോധന ഹര്‍ജിക്കെതിരെ പ്രതിഭാഗം തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയില്‍ അറിയിക്കുകയായിരുന്നു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു.

പാലക്കാട് പോക്സോ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

Exit mobile version