Site icon Malayalam News Live

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സര്‍ക്കാര്‍

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മർദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവുമായി ചർച്ച നടത്തി സർക്കാർ.

കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്‌ടപരിഹാരം നല്‍കാൻ ധാരണയായി. മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ചേർന്ന് കുടുംബവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൃതദേഹം എംബാം ചെയ്‌ത് ഛത്തീസ്ഗഡിലേക്ക് എത്തിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്‍കി.

ആക്രമണം നടത്തിയവർക്കെതിരെയുള്ള കേസില്‍ എസ്‌സി/എസ്‌ടി നിയമം കൂടി ഉള്‍പ്പെടുത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. രാംനാരായണന്റെ കുടുംബത്തെയും ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന് ശേഷം മാത്രമെ മൃതദേഹം ഏറ്റെടുക്കുകയുള്ളു എന്ന നിലപാടിലായിരുന്നു രാംനാരായണന്റെ കുടുംബം. ഇതോടെയാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

ക്രൂരമായ മർദനമാണ് ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണ്‍ (31) അനുഭവിക്കേണ്ടിവന്നതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ഇയാളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ പ്രതികള്‍ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്.

പ്രതികള്‍ വടി ഉപയോഗിച്ച്‌ രാംനാരായണിന്റെ തലയിലും മുതുകിലും ക്രൂരമായി മർദ്ദിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. അടിയേറ്റ് നിലത്തുവീണ രാംനാരായണിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ചവിട്ടേറ്റു. പതിനഞ്ചോളം പേർ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ചുപേരാണ് പിടിയിലായത്.

Exit mobile version