Site icon Malayalam News Live

വൈക്കത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

വൈക്കം: ഓട്ടോറിക്ഷയിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂർ അംബികാ മാർക്കറ്റ് വേരുവള്ളി ഭാഗത്ത് പാലക്കാട്ട് വീട്ടിൽ ആരോമൽ (23), വെച്ചൂർ വേരുവള്ളി ഭാഗത്ത് കുറച്ചേരിൽ വീട്ടിൽ അർജുൻ(23), വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറയിൽ വീട്ടിൽ അനന്തു (23), വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറയിൽ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 29 തീയതി രാത്രി 10 മണിയോടുകൂടി വേരുവള്ളി അംബേദ്കർ കോളനിയുടെ സമീപം ഓട്ടോറിക്ഷയിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അർജുനന്റെ ബൈക്കും ഓട്ടോ ഡ്രൈവറായ യുവാവിന്റെ ബന്ധുവിന്റെ ബൈക്കും തമ്മിൽ ഇടിച്ചതിനെ ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഓട്ടോറിക്ഷ ഡ്രൈവറെയും, കൂടെയുണ്ടായിരുന്ന യുവാക്കളെയും തടഞ്ഞുനിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനുശേഷം ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ നാലു പേരെയും ബാംഗ്ലൂരിൽ നിന്ന് പിടികൂടുകയായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ, എസ്.ഐ വിജയപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Exit mobile version