Site icon Malayalam News Live

ഇനി അധികം കാത്തിരിക്കേണ്ട; കിഫ്ബി വഴി 22.06 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന വൈക്കത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

കോട്ടയം: വൈക്കത്തിന്റെ വെള്ളിത്തിരയില്‍ ‘ആളനക്ക’മുണ്ടാകാൻ അധികം കാത്തിരിക്കേണ്ട.

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ആധുനിക സംവിധാനങ്ങളോടെ വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനടയില്‍ നിർമിക്കുന്ന മള്‍ട്ടിപ്ലക്സ് നിർമാണം അവസാനഘട്ടത്തില്‍.
നിലവില്‍ തിയറ്റർ സമുച്ചയത്തിന്റെ കെട്ടിടത്തിന്റെ ജോലികള്‍ പൂർത്തീകരിച്ചു കഴിഞ്ഞു. തിയറ്റർ എൻജിനീയറിംഗുമായി ബന്ധപ്പെട്ട ജോലികളാണ് ഇനി ബാക്കിയുള്ളത്.

അതിന്റെ ആദ്യഘട്ടമായ സ്പീക്കർ വയറിംഗ് ജോലികള്‍ ടെൻഡർ ചെയ്തു കഴിഞ്ഞു. ബാക്കി വരുന്ന എൻജിനീയറിംഗ് ജോലികളുടെ ടെൻഡർ നടപടികളും ഈ മാസത്തില്‍ പൂർത്തീകരിക്കും.

സീറ്റുകളും സ്‌ക്രീനും ഒരുക്കുന്നതടക്കമുള്ള ജോലികള്‍ ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സി.കെ. ആശ എം.എല്‍.എ. പറഞ്ഞു.

കിഫ്ബിയില്‍ നിന്ന് അനുവദിച്ച 22.06 കോടി രൂപ വിനിയോഗിച്ച്‌ വൈക്കം അഗ്‌നിരക്ഷാസേന ഓഫീസിനു സമീപം നഗരസഭ വിട്ടുനല്‍കിയ 90 സെന്റ് സ്ഥലത്താണു തിയറ്റർ നിർമിക്കുന്നത്.
80 സെന്റ് തിയറ്റർ സമുച്ചയത്തിനും 10 സെന്റ് റോഡിനുമാണു സ്ഥലം നല്‍കിയിരിക്കുന്നത്. 30 വർഷത്തേക്കാണു സ്ഥലം കൈമാറിയിരിക്കുന്നത്.

പുതിയ തിയറ്റർ സമുച്ചയത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ 222 സീറ്റുകള്‍ വീതമുള്ള രണ്ടുസ്‌ക്രീനുകളാണ് ക്രമീകരിക്കുന്നത്.
തിയറ്ററിലെ വിവിധ ആവശ്യങ്ങള്‍ക്കായി ജലം സംഭരിക്കാനായി മുൻവശത്ത് ആഴത്തില്‍ കുഴിയെടുത്ത് കൂറ്റൻ ജലസംഭരണിയും നിർമിക്കുന്നുണ്ട്.

Exit mobile version