Site icon Malayalam News Live

ഒമാനില്‍ വാഹനാപകടം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് അരക്കോടിയോളം രൂപ.

 

മസ്കത്ത്:ഒമാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനി ഷിനുമോള്‍ പി. വര്‍ഗീസ് നഷ്ടപരിഹാരമായി കിട്ടിയത് 22,200 റിയാല്‍ (ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ). ഒമാൻ സുപ്രീംകോടതിയാണ് ഇൻഷുറൻസ് തുക നല്‍കാൻ ഉത്തരവിട്ടത്. മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മറ്റിയുടെ ഒന്നര വര്‍ഷത്തെ നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് മൂന്ന് ഘട്ടങ്ങളിലായി ഇത്രയും തുക ലഭിച്ചത്.

ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഒമാനിലെത്തിയ ഷിനുമോള്‍ കാരുണ്യകരങ്ങള്‍ നീട്ടിയവര്‍ക്ക് നന്ദി പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. മബേലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജോലി ചെയ്തുകൊണ്ടിരിക്കേ 2021 ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വദേശി ഓടിച്ച വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് ആശുപത്രിക്ക് സമീപമുള്ള എ.ടി.എമ്മില്‍നിന്ന് കാശ് എടുത്തു നാട്ടിലേക്ക് അയക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഒമാനിലെത്തി ഏഴു മാസം മാത്രമേ ആയിരുന്നുള്ളൂ. ചോരയില്‍ കുളിച്ചുകിടന്ന അവരെ റോയല്‍ ഒമാൻ പൊലീസാണ് സുല്‍ത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിക്കുന്നത്. പേരുവിവരങ്ങള്‍ മറ്റും അറിയാത്തതുകൊണ്ട് ‘അണ്‍ നോണ്‍’ എന്നായിരുന്നു ആശുപത്രിയില്‍ രേഖപ്പെടുത്തിയിരുന്നത്.അങ്ങനെയിരിക്കെയാണ് നാട്ടുകാരനായ നാദിര്‍ഷ അന്വേഷിച്ച്‌ ആശുപത്രിയില്‍ എത്തുന്നതും രേഖകളില്‍ ഷിനുമോള്‍ എന്ന മേല്‍വിലാസത്തിലേക്ക് മാറ്റുന്നതും.

ഇദ്ദേഹത്തിന്‍റെ സൃഹൃത്ത് റാഷിദ് അരീക്കോട് വഴിയാണ് സംഭവം മബേല കെ.എം.സി.സി യുടെ ശ്രദ്ധയില്‍ എത്തുന്നത്. നേതാക്കളായ സലിം അന്നാരയും യാക്കൂബ് തിരൂരും കേസിന്റെ ഉത്തരവാദിത്തം മബേല കെ.എം.സി.സി വൈസ് പ്രസിഡന്റ് അസ്‌ലം ചീക്കോന്നിനെ ഏല്‍പിക്കുകയും വിദഗ്ധ ചികിത്സക്കായി ഷിനുമോളെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. കേസ് നടത്താൻ പ്രഗല്ഭ സ്വദേശി അഭിഭാഷകൻ അബ്ദുല്ല അല്‍ ഖാസ്മിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മൂന്നു തവണ അപ്പീല്‍ പോയതിനു ശേഷമാണ് അന്തിമ വിധി വന്നത്.

 

 

Exit mobile version