Site icon Malayalam News Live

എത്ര സ്റ്റോറി വന്നാലും കാര്യമില്ല; കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ നിയമപരമായും ന്യായമായും അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. എത്ര സ്റ്റോറി വന്നാലും ഇവിടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം പറയുന്നത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം നമ്പർ വൺ ആണെന്നാണ്. വരുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറി ആണിത്. നാട്ടിലെ ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ബദൽ സ്റ്റോറി ഇറക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ. യഥാർത്ഥ കേരള സ്റ്റോറി അതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമർശനവും പരിഹാസങ്ങളുമാണ് സിനിമക്കെതിരെ ഉയരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ.

Exit mobile version