Site icon Malayalam News Live

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിക്ക് താൽപര്യം പ്രശ്നം വഷളാക്കി നിർത്താൻ; അവർക്കും ഇതിൽ പങ്കുണ്ടെന്ന് വി ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിക്കും ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി. കേസിലെ അന്വേഷണത്തെ ബിജെപി ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടത്തി ആളുകളെ അറസ്റ്റ് ചെയ്യാനും ബിജെപിക്ക് താൽപര്യമില്ല. അവർക്ക് ഈ പ്രശ്നം വഷളാക്കി നിർത്താനും അതുവഴി രാഷ്ട്രീയമുതലെടുപ്പ് നടത്താനുമാണ്‌ ആഗ്രഹമെന്നും അത് ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ല എന്നും മന്ത്രി പറഞ്ഞു. കേസിൽ എസ്ഐടിയുടെ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെ കേരളത്തിലെ ജനങ്ങൾ തന്നെ സ്വാഗതം ചെയ്യുകയാണ്. കുറ്റക്കാർ ഏത് നിലവാരത്തിൽ ഉള്ള ആളുകളായിരുന്നാലും അർഹമായ ശിക്ഷ വാങ്ങി നൽകണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നും ശിവൻകുട്ടി പറഞ്ഞു.

ശബരിമലയുടെ കാര്യങ്ങൾ ഔദ്യോഗികമായി പറയുന്നവരുടെ സ്ഥിതിവിശേഷങ്ങൾ എല്ലാവരും കണ്ടു. ഇവരെല്ലാം കൂടി ക്ഷേത്രത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏത് മന്ത്രിക്കെതിരെ അന്വേഷണം നീണ്ടാലും തങ്ങൾക്കൊരു പ്രശ്നവുമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇന്നലെയാണ് സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബിജെപി നേതൃത്വം തന്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

Exit mobile version