Site icon Malayalam News Live

‘കണ്ണേ കരളേ വിഎസ്സേ…’; പ്രിയ നേതാവിന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു; മൃതദേഹം എകെജി പഠനകേന്ദ്രത്തിലെത്തിച്ചു; എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ വൻ ജനസാഗരം

തിരുവനന്തപുരം: വിപ്ലവസൂര്യൻ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു.

എസ്.യു.ടി ആശുപത്രിയില്‍ നിന്ന് 7.15-ഓടെ വിഎസിൻ്റെ മൃതദേഹം ആംബുലൻസില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ ഒഴുകിയെത്തിയത്.

‘കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവർ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ കണ്ടത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദർശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. ഇവിടെ പൊതുദർശനം പൂർത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച രാവിലെ ഒൻപതുമണിക്ക് വീട്ടില്‍നിന്ന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.

Exit mobile version