Site icon Malayalam News Live

നേതൃത്വത്തെ തിരുത്താൻ അണികൾ തയ്യാറായി; പയ്യന്നൂരിലേത് പാർട്ടി നേതൃത്വത്തിന് എതിരായ വിധിയെന്ന് വി കുഞ്ഞികൃഷ്ണൻ

സിപിഐഎം പാര്‍ട്ടി നേതൃത്വത്തിനെതിരായ വിധിയാണ് പയ്യന്നൂരിലേതെന്ന് വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും താന്‍ പറഞ്ഞത് അംഗീകരിച്ചെന്നും നേതൃത്വത്തെ തിരുത്താന്‍ അണികള്‍ സന്നദ്ധരായെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സിപിഐഎം വോട്ടുകള്‍ നല്ല നിലയില്‍ ലഭിച്ചെന്നും ഒന്നാം റൗണ്ടില്‍ തന്നെ ട്രെന്‍ഡ് മനസിലാക്കാന്‍ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്ഥിരം ശൈലി എന്നതിനപ്പുറം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ രൂപമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. സംസ്ഥാന തലത്തില്‍ അതുസംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. പലരും ബന്ധപ്പെടുന്നുണ്ട്. ആദ്യം പയ്യന്നൂരില്‍ അത്തരമൊരു കൂട്ടായ്മ വളര്‍ത്തിയെടുക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്റെ പിന്തുണയും ഇടതുപക്ഷത്ത് താൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പിന്തുണയും കൂടിച്ചേർന്നതോടെയാണ് വിജയിച്ചതെന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version