Site icon Malayalam News Live

തബല മാന്ത്രികൻ ഉസ്‌താദ് സാക്കിര്‍ ഹുസൈന് വിട; അന്ത്യം അമേരിക്കയില്‍; മരണവിവരം സ്ഥിരീകരിച്ച്‌ കുടുംബം

സാൻ ഫ്രാൻസിസ്‌കോ: തബലയില്‍ സംഗീതത്തിന്റെ മാന്ത്രിക പ്രപഞ്ചം തന്നെ സൃഷ്‌ടിച്ച ഉസ്‌താദ് സാക്കിർ ഹുസൈൻ വിടവാങ്ങി.

അമേരിക്കയില്‍ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയില്‍ വച്ച്‌ ഇടിയോപാതിക് പള്‍മണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 73 വയസായിരുന്നു.

ഇന്ത്യൻ സംഗീതപ്രതിഭകളില്‍ തബലയില്‍ സ്വന്തമായി ഇടംനേടിയ അതികായനെയാണ് നഷ്‌ടമായത്. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. ഈ വ‌ർഷം ഫെബ്രുവരിയില്‍ മൂന്ന് ഗ്രാമി അവാർഡുകള്‍ ലഭിച്ചു.

ഇന്ത്യൻ സംഗീതോപകരണമായ തബലയെ പാശ്ചാത്യലോകത്തിന് ഇഷ്‌ടപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് ഉസ്‌താദ്. സാക്കിർ ഹുസാൻ അല്ല റഖ ഖുറൈഷി എന്നാണ് പൂർണനാമം.

1951 മാർച്ച്‌ ഒൻപതിന് മുംബയില്‍ പ്രശസ്‌ത തബല മാന്ത്രികൻ ഉസ്‌താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 12-ാം വയസില്‍ ആദ്യമായി സ്വതന്ത്രമായി പരിപാടിയില്‍ തബല വായിച്ചുതുടങ്ങി. 18-ാം വയസില്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പരിപാടിയില്‍ തബല വായിച്ചു.

Exit mobile version