Site icon Malayalam News Live

വായ തുറന്നാൽ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ എനിക്ക് താൽപര്യമില്ല; ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന

കൊച്ചി : താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിന്റെയും ആ മോഹം പൊലിഞ്ഞു പോയതിന്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെ കാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങള്‍ക്ക് മനസ്സില്ലെന്ന് ഉഷ ഹസീന വ്യക്തമാക്കി. വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരു താല്പര്യവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു.

‘അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍….അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി. അന്‍സിബയുടെ നിലപാട് അതാണ് ശരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു… ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറല്‍ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു’, എന്നാണ് ഉഷ ഹസീന കുറിച്ചത്.

അമ്മ സംഘടനയില്‍ നിന്നും രാജി അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

Exit mobile version