Site icon Malayalam News Live

ലോഗിൻ ചെയ്യാനും പോസ്റ്റ് ചെയ്യാനും സാധിക്കുന്നില്ല; ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം

ന്യൂഡൽഹി: ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ മുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടുതല്‍ പേര്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായും ഡൗൺഡിറ്റക്ടര്‍. ചില ബഗുകള്‍ കാരണം പല ഉപയോക്താക്കള്‍ക്കും ഇൻസ്റ്റാഗ്രാം ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും, ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും ഡൗൺഡിറ്റക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബറിലും ഇന്‍സ്റ്റഗ്രാമില്‍ സമാന പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ജൂണില്‍ ഇൻസ്റ്റാഗ്രാം ആഗോളതലത്തില്‍ ഡൗൺ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.02 ന് ഏകദേശം 6,500-ലധികം ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി ഡൗൺഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ ജീവിതത്തിലുണ്ടാക്കുന്ന പ്രതികൂലമായ മാറ്റങ്ങളെ കണക്കിലെടുത്ത് 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്കായി ഇന്‍സ്റ്റഗ്രാമില്‍ രക്ഷാകർതൃ നിയന്ത്രണങ്ങളും സ്വകാര്യ നയങ്ങളില്‍ മാറ്റങ്ങളും അവതരിപ്പിച്ചു വരികയാണ്.

മെറ്റ, ബൈറ്റ്ഡാന്‍സിന്റെ ടിക്ടോക്, ഗൂഗിളിന്റെ യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആസക്തിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങി യു എസിലെ 33 സംസ്ഥാനങ്ങൾ സോഷ്യൽ മീഡിയ ഉപയോ​ഗം സംബന്ധിച്ചുള്ള അപകടങ്ങളെപ്പറ്റി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കമ്പനിക്കെതിര കേസെടുത്തിരുന്നു.

 

Exit mobile version