Site icon Malayalam News Live

24,000 കോടിയുടെ പ്രത്യേക പാക്കേജില്ല; വന്‍കിട പദ്ധതികളുമില്ല; എയിംസ്, റെയില്‍വെ കോച്ച്‌ നിര്‍മ്മാണശാല ആവശ്യങ്ങളോടും അവഗണന; കേന്ദ്ര ബജറ്റിലെ സമീപനം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു.

വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച്‌ നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.

25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്.

പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല.

Exit mobile version