Site icon Malayalam News Live

മനുഷ്യത്വം എന്നൊന്നില്ലേ? ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരത; പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ല; സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.

ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേയെന്നും അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി ചോദിച്ചു. എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.

ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരതയാണെന്നും കോടതി വിമര്‍ശിച്ചു. ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടർന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്‍റെ വിമര്‍ശനം.

Exit mobile version