Site icon Malayalam News Live

റീ റിലീസിനൊരുങ്ങി ഉദയനാണ് താരം; നാളെ വീണ്ടും തിയേറ്ററുകളിലെത്തും, അഡ്വാൻസ് ബുക്കിംഗ് തുടങ്ങി

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം 20 വര്‍ഷത്തിനു ശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. നാളെയാണ് സിനിമയുടെ റീ റിലീസ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. മറ്റു മോഹൻലാൽ സിനിമകൾക്ക് ലഭിച്ചത് പോലെ ഈ സിനിമയ്ക്കും റീ റിലീസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും എന്നും തന്നെയാണ് പ്രതീക്ഷ. ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്.

Exit mobile version