Site icon Malayalam News Live

കോട്ടയത്ത് ലോഡ്ജ് മുറിയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ; വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് കാരണമെന്ന് കുറിപ്പ്

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് ഇന്നലെ രാത്രിയോടെ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം(19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍(23) എന്നിവരെയാണ് ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയില്‍ നിന്ന് പുറത്തു കാണാതെ വന്നതോടെ ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീട്ടുകാർ ഇരുവരുടെയും വിവാഹത്തെ എതിർത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസിയയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നൽകുകയും ചെയ്തിരുന്നു.

Exit mobile version