Site icon Malayalam News Live

വീടിന് പുറത്തിറങ്ങിയ നവവധുവിനെ വെടിവച്ച് കൊലപ്പെടുത്തി; വിവാഹം കഴിഞ്ഞത് രണ്ട് മാസം മുൻപ്, സംഭവം പഞ്ചാബിൽ

പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയിൽ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കിൽ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീയാണ്. ഇവ‍ർ വീടിന് പുറത്തിറങ്ങിയപ്പോൾ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ പഞ്ചാബിലെ സാധാരണക്കാരുടെ സുരക്ഷയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ വലിയ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ക്രമസമാധാനം തകർന്നെന്ന് നിരവധി പേരെഴുതി. അടുത്തിടെ ടാർൺ തരണിൽ ഒരു ഗ്രാമ സർപഞ്ചിനെ വെടിവച്ചതിന് പിന്നാലെയാണ് സംഭവം. നവവധുവിനെ വെടിവച്ചത് കരൺ ആണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പഞ്ചാബ് പോലീസ് അറിയിച്ചു.

രണ്ട് മാസം മുമ്പാണ് അൻഷ് ഗ്രോവറുമായി 23കാരിയായ റൂബിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് പാട്ടിയിലെ ഗാർഡൻ കോളനിയിലെ വീടിന്‍റെ ഗേറ്റിന് മുന്നിൽ വച്ചാണ് യുവതിക്ക് വെടിയേറ്റത്. അൻഷ് ഗ്രോവർ വീട്ടിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുമ്പോൾ അവിടെ എത്തിയ അക്രമി, അദ്ദേഹത്തെ തല്ലി. ഇത് ചോദ്യം ചെയ്ത റൂബിയെ അയാൾ വെടിവയ്ക്കുകയായിരുന്നു. അക്രമി റൂബിയെ വെടിവച്ചതും അൻഷ് അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും സിസിടിവിയിൽ കാണാം. ഗേറ്റിനടുത്ത് വെച്ച് അജ്ഞാതനായ ഒരു യുവാവ് റൂബിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് അൻഷ് ഗ്രോവറിന്‍റെ അമ്മ റീനു ബാല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻ തന്നെ പാട്ടിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാൽ അതിനിടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Exit mobile version