Site icon Malayalam News Live

മണിപ്പൂരിലുണ്ടായ ബോംബാക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു; സംഘർഷം നടന്നത് ബിഷ്ണുപൂരിൽ

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ ബോംബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഇവരുടെ മാതാവിന് ഗുരുതരമായി പരിക്കേറ്റു. അഞ്ച് വയസുകാരനും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ കുക്കി വിഘടന വാദികളാണെന്ന് എന്‍പിപി എംഎല്‍എ ആരോപിച്ചു. മോയിറാങ് ത്രോംഗ്ലാബോയി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. വീടിന് നേർക്ക് ചിലര്‍ ബോംബ് എറിയുകയാണ് ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുമ്പോള്‍ അമ്മയും കുഞ്ഞുങ്ങളും ഉറക്കത്തിലായിരുന്നു.

സംഭവത്തോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ മോയിറാങ് പൊലീസ് സ്റ്റേഷന് സമീപം ടയറുകള്‍ കത്തിക്കുകയും പെട്രോള്‍ പമ്പിന് സമീപമുണ്ടായിരുന്ന രണ്ട് ഓയില്‍ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിടുകയും ചെയ്തു. ഇതിന് പുറമേ ഒരു താത്ക്കാലിക പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടിട്ടുമുണ്ട്. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version